Kerala
തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി നൽകി നിയമന ഉത്തരവ് പുറത്തിറങ്ങി. ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് നിയമനം നൽകി ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.
റവന്യു വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമാണ് നിയമനം. വൈകിട്ടാണ് ഉത്തരവ് ഇറങ്ങിയത്. ഭക്ഷ്യസുരക്ഷാ കമ്മീഷണർ ആണ് തുടർനടപടികൾ സ്വീകരിക്കേണ്ടത്.
Kerala
തിരുവനന്തപുരം: ഇന്ദിരാ ഗാരന്റിയിൽ ഉൾപ്പെടുത്തിയിട്ടുള്ള സാമൂഹിക സുരക്ഷ, ക്ഷേമ പെൻഷനുകൾ 3000 രൂപയാക്കി ഉയർത്തുമെന്ന പ്രഖ്യാപനം ഒറ്റയടിക്കു സംസ്ഥാനത്തു നടപ്പാക്കിയേക്കില്ല.
യുഡിഎഫ് സർക്കാരിന്റെ അഞ്ചു വർഷം കൊണ്ട് ഘട്ടംഘട്ടമായി വിവിധ ബജറ്റുകളിൽ പ്രഖ്യാപിക്കാനാണ് സാധ്യത.
നിലവിൽ 2,000 രൂപയാണ് ക്ഷേമപെൻഷനായി നൽകുന്നത്. എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിലാണ് ക്ഷേമപെൻഷനിൽ വലിയ വർധന വരുത്തിയത്. ഇതുതന്നെ വലിയ സാന്പത്തിക ബാധ്യതയ്ക്ക് ഇടയാക്കുന്നുണ്ട്.
ഒറ്റയടിക്ക് ക്ഷേമപെൻഷൻ തുക ഉയർത്തിയാൽ സാന്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന സംസ്ഥാനത്തിന് പണം കണ്ടെത്താൻ ബുദ്ധിമുട്ടാകുമെന്നാണ് ഉപദേശം. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത അഞ്ചു വർഷത്തിനകം ഘട്ടംഘട്ടമായി പെൻഷൻ തുക ഉയർത്തുന്നതാണ് ആലോചനയിലുള്ളത്.
ക്ഷേമപെൻഷനുകൾ എല്ലാമാസവും കൃത്യമായി കുടിശികയില്ലാതെ കൊടുക്കുന്നതിനാകും മുൻതൂക്കം നൽകുക. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ചെയ്തതു പോലെ അവസാനഘട്ടത്തിൽ പെൻഷൻ തുക ഉയർത്തുന്നതിനു പകരം സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് ആനുപാതികമായി പലഘട്ടങ്ങളിലായി ഉയർത്തുന്നതാണ് ആലോചനയിലുള്ളത്.
Kerala
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്-കെഎസ്യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ അഞ്ച് പോലീസുകാർക്കെതിരെ നടപടിയെടുത്തതിൽ വിമർശനവുമായി സിപിഎം സെക്രട്ടേറിയറ്റ്.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ ഇത് യുഡിഎഫ് സർക്കാരിന്റെ പകപോക്കലാണെന്ന് സിപിഎം സെക്രട്ടേറിയറ്റ് ആരോപിച്ചു.
പോലീസുകാർ മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാർ സഞ്ചരിച്ച വാഹനം ആക്രമിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിക്കുകയായിരുന്നുവെന്നാണ് സിപിഎം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. യുഡിഎഫ് സർക്കാർ തുടക്കമിട്ട പ്രതികാര നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
പോലീസിനെ രാഷ്ട്രീയ താത്പര്യത്തോടെ ഉപയോഗിക്കുന്നെന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞദിവസം എസ്എഫ്ഐക്കാർക്കെതിരേ നടന്ന ആക്രമണമെന്നും സിപിഎം സെക്രട്ടേറിയറ്റ് ആരോപിച്ചു.
Kerala
തിരുവനന്തപുരം: ഇന്ധന വിലവർധനവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇന്ധന സെസ് കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധനവില വർധിപ്പിക്കുമ്പോൾ സംസ്ഥാനം നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവരാണ് ഇന്ന് ഭരിക്കുന്നത്.
പക്ഷെ അവർ ഇപ്പോൾ ഒന്നും പറയുന്നില്ല. കേന്ദ്ര സർക്കാരിന്റെ ഇന്ധനക്കൊള്ളയ്ക്കെതിരെ ശബ്ദമുയർത്താൻ യുഡിഎഫ് സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില താഴുമ്പോഴും രാജ്യത്ത് ജനങ്ങൾക്ക് മേൽ ഇന്ധന വിലക്കയറ്റം അടിച്ചേൽപ്പിക്കുന്നത് കടുത്ത അനീതിയാണ്.
തെരഞ്ഞെടുപ്പ് കാലത്ത് വില വർധനവ് താൽക്കാലികമായി പിടിച്ചുവെക്കുകയും വോട്ടെടുപ്പ് കഴിഞ്ഞയുടൻ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുകയും ചെയ്യുന്നത് ബിജെപി സർക്കാരിന്റെ പതിവ് തട്ടിപ്പാണെന്നും പിണറായി പറഞ്ഞു. അതേസമയം സെസ് കുറയ്ക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കി.
District News
കായംകുളം: വർഷങ്ങൾ പിന്നിടുമ്പോഴും കായംകുളം മൾട്ടിപ്ലക്സ് തിയറ്ററിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയായില്ല. 2012ൽ യുഡിഎഫ് ഭരണകാലത്ത് അന്നത്തെ സാംസ്കാരികമന്ത്രി കെ.ബി. ഗണേഷ് കുമാറാണ് വസ്തു നൽകിയാൽ കായംകുളത്ത് സർക്കാർ പണം മുടക്കി തിയറ്റർ പണിതു നൽകാം എന്ന് പ്രഖ്യാപിച്ചത്.
തുടർന്ന് അഞ്ചുവർഷം കഴിഞ്ഞ് നഗരസഭ സ്ഥലം നൽകി തിയറ്ററിന്റെ പ്ലാൻ അംഗീകരിച്ചു. പിന്നീട് നിർമാണം ആരംഭിച്ചു. ഇപ്പോൾ എട്ടു വർഷം പിന്നിടുന്നു. മൂന്ന് തീയറ്ററുകളും വ്യാപാര സമുച്ചയവും അടങ്ങുന്ന തിയറ്റർ കോംപ്ലക്സിന്റെ സ്ട്രക്ച്ചറൽ വർക്കുകൾ പൂർത്തിയായെങ്കിലും എന്ന് നിർമാണം പൂർത്തിയാകും എന്ന് പറയാൻ പറ്റാത്ത നിലയിലാണ് ഇപ്പോഴത്തെ പ്രവൃത്തികൾ.
പ്ലാസ്റ്ററിംഗ്, പ്ലംബിംഗ്, ഇലക്ട്രിക്കൽ വർക്കുകൾ എല്ലാം പൂർത്തിയാകാനുണ്ട്. 32,000 ചതരശ്ര അടി വിസ്തീർണത്തിൽ 15.03 കോടി രൂപ വിനിയോഗിച്ച് സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനാണ് തിയറ്ററുകൾ നിർമിക്കുന്നത്.
തിയറ്റർ ഒന്നിൽ 200 ഉം മറ്റ് രണ്ടെണ്ണത്തിൽ 152 വീതം ഇരിപ്പിടങ്ങളാണ് സജ്ജമാക്കുന്നത്. 4 കെ പ്രൊജക്ടർ, ഡോൾബി അറ്റ് മോസ്റ്റ് സൗണ്ട് സിസ്റ്റം, സിൽവർ സ്ക്രീൻ, പുഷ്ബാക്ക് ചെയറുകൾ, വ്യാപാര സ്ഥാപനങ്ങൾ, ലാൻഡ്സ്കേപ്പിംഗ്, നൂറോളം വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് നിർമാണം നടക്കുന്നത് . ആറു മാസത്തിനുള്ളിൽ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് 2025 ൽ അധികൃതർ വ്യക്തമാക്കിയെങ്കിലും നിർമാണം എങ്ങും എത്തിയിട്ടില്ല.
കെഎസ്ആർടി ഡിപ്പോയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് നഗരസഭ വിട്ടുനൽകിയ 77 സെന്റ് സ്ഥലത്താണ് തിയറ്റർ സമുച്ചയം നിർമിക്കുന്നത്. 2017 സെപ്റ്റംബറിലാണ് മൾട്ടിപ്ലക്സ് തിയറ്റർ നിർമിക്കാൻ കായംകുളം നഗരസഭയുടെ സ്ഥലം സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന് പാട്ടത്തിന് നൽകി സർക്കാർ ഉത്തരവ് ഇറക്കിയത്.
30 വര്‍ഷത്തേക്കാണ് നഗരസഭയുടെ സ്ഥലം പാട്ടവ്യവസ്ഥയിൽ സംസ്ഥാന ചലച്ചിത്രവികസന കോര്പറേഷന് പാട്ടത്തിന് വിട്ടുനൽകുന്നത്. പാട്ടത്തുകയായി എട്ടുലക്ഷം രൂപ ഓരോ വർഷവും കെഎസ്എഫ്ഡിസി നഗരസഭയ്ക്കു നൽകണം എന്നാണ് വ്യവസ്ഥ.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ഒന്നരയാഴ്ച മാത്രം ശേഷിക്കേ പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നു. പത്താംക്ലാസിലേക്കുള്ള പാഠപുസ്തകങ്ങൾ മാത്രമാണ് വിതരണം പൂർത്തിയായത്.
പേപ്പറുകളുടെ ലഭ്യതക്കുറവാണ് അച്ചടി പ്രതിസന്ധിക്ക് കാരണം. ആവശ്യത്തിന് പേപ്പർ കിട്ടാത്തതിനാൽ മറ്റ് ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ അച്ചടി പൂർത്തിയായിട്ടില്ല. ഇതോടെ സംസ്ഥാനത്തെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.
District News
ചങ്ങനാശേരി: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് പ്രകടനം നടത്തുകയും മധുരവിതരണം നടത്തുകയും ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജെ. ആന്റണി ഉദ്ഘാടനം ചെയ്തു. എന്‍. ഹബീബ്, പി.ജെ. തോമസ്, തോമസ് ഏബ്രഹാം, പി.പി. സേവ്യര്‍, ഷേര്‍ളി തോമസ്, എം.എസ്. സുജാത എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് ബാബു കുരീത്ര ഉദ്ഘാടനം ചെയ്തു.മാടപ്പള്ളി: എന്‍ഇഎസ് ബ്ലോക്ക് ജംഗ്ഷനിൽ യുഡിഎഫിന്റെ നേതൃത്വത്തില്‍ പായസവിതരണം നടത്തി.
മതുമൂല: മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മതുമൂല ജംഗ്ഷനില്‍ ആഹ്ലാദപ്രകടനം നടത്തി. പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് സന്തോഷം പങ്കിട്ടത്. നേതാക്കളായ തൊമ്മിച്ചന് ശ്രാന്പിക്കല്, ജോബ് വിരുത്തികരി, ജോയ്സ് മൂലയില്‍, സോജന് കൊല്ലമന, സണ്ണി ഞാലിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ചങ്ങനാശേരി: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ അഭിനന്ദിച്ചു. കേരളത്തിലെ 10 ശതമാനം ജനസംഖ്യയുള്ള പട്ടികജാതി സമൂഹത്തില്‍നിന്നു രണ്ടു മന്ത്രിമാരെയും മന്ത്രിസഭയില്‍ രണ്ടു വനിതകളെയും ഡെപ്യൂട്ടി സ്പീക്കറായി ഒരു വനിതയെയും നിയോഗിച്ച നടപടി മാതൃകാപരമാണെന്ന് സംഘടന അഭിപ്രായപ്പെട്ടു. സംസ്ഥാന കമ്മിറ്റി രക്ഷാധികാരി സി.ഡി. മോഹന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. മഹാസഭാ പ്രസിഡന്റ് അഡ്വ.വി.ആര്. രാജു ഉദ്ഘാടനം ചെയ്തു.
കറുകച്ചാല്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ ആഹ്ലാദം പങ്കിട്ടു കറുകച്ചാല്‍ സബ് ട്രഷറിയുടെ പടിക്കല്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. കെഎസ്എസ്പിഎ സംസ്ഥാന കമ്മിറ്റിയംഗം എ.ജെ. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം രക്ഷാധികാരി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ജോസ് വി. ജോസ്, കെ.എ. ജോസ്, വി.കെ. ഇന്ദിര, ഇ.ഡി. ആഗസ്തി, ദേവസ്യ സി.ഡി., പി.ജെ. സാജു, വര്‍ഗീസ് സെബാസ്റ്റ്യന്‍, ടി.ജെ. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന് ആശംസ നേര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ജനാധിപത്യ പ്രക്രിയയിലൂടെ കേരളത്തിലെ ജനങ്ങൾ പുതിയൊരു സർക്കാരിനെ തെരഞ്ഞെടുത്തിരിക്കുകയാണ്.
അവർക്ക് എല്ലാ ആശംസകളും നേരുകയാണെന്ന് അദ്ദേഹം സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. അഴിമതിയോടും പ്രീണനത്തോടും വികസനവിരുദ്ധ രാഷ്ട്രീയത്തോടും ഒട്ടും വിട്ടുവീഴ്ച ചെയ്യില്ല. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായിരിക്കുമെന്നും രാജീവ് പോസ്റ്റിൽ പറയുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി വി.ഡി.സതീശൻ ക്ഷണിച്ച കാര്യം രാജീവ് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയായിലൂടെ അറിയിച്ചിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു.
Kerala
തിരുവനന്തപുരം: വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറ്റു. സെൻട്രൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ജനലക്ഷങ്ങളെ സാക്ഷിയാക്കിയാണ് 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രിയും മന്ത്രിമാരും അധികാരമേറ്റതിന് തൊട്ടുപിന്നാലെ പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഉടൻ ചേരും. മുഖ്യമന്ത്രി വി.ഡി. സതീശൻ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹത്തിന് പിന്നാലെ പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാമതായും രമേശ് ചെന്നിത്തല മൂന്നാമതായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
മന്ത്രിമാരിൽ കെ. മുരളീധരൻ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. ഷിബു ബേബി ജോൺ, സി.പി. ജോൺ എന്നിവർ സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോൾ മറ്റ് മന്ത്രിമാരെല്ലാം ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നേരിട്ടെത്തിയിരുന്നു.
രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
Kerala
കൊച്ചി: ഇന്ന് അധികാരമേറ്റെടുക്കുന്ന വി.ഡി. സതീശന് സർക്കാരിന് വേണ്ടി എറണാകുളം പള്ളുരുത്തിയിൽ പ്രത്യേക പൂജ. കെപിസിസി സെ ക്രട്ടറി തമ്പി സുബ്രഹ്മണ്യമാണ് പള്ളുരുത്തി ശ്രീ ഭവാനിശ്വര ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തിയത്. പുലർച്ചെ നട തുറന്നതോടെ ആയിരു ന്നു പൂജ.
സർവൈശ്വര്യ പൂജയും മഹാഗണപതി ഹോമവുമാണ് നടത്തിയത്. വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പേരിലാണ് പൂജയും കർമങ്ങളും നടത്തിയത്. അതേസമയം, ഇന്ന് രാവിലെ പത്തോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കുക. വി.ഡി. സതീശൻ തന്നെയാണ് ധനം, നിയമം, തുറമുഖം, പൊതുഭരണം എന്നിവ കൈകാര്യം ചെയ്യുന്നത്.
രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലൻസും കൈകാര്യം ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണറുടെ ചായസത്കാരത്തിൽ മന്ത്രിമാരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. ഇതിന് ശേഷമാണ് മന്ത്രിസഭാ യോഗം നടക്കുക.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വി.ഡി.സതീശൻ സർക്കാർ അധികാരമേൽക്കുന്നതിന് പിന്നാലെ പോലീസ് സംവിധാനത്തിൽ വൻ അഴിച്ചുപണിക്ക് ഒരുക്കം. നിലവിലുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ സംവിധാനം പൂർണമായും ഉടച്ചുവാർക്കും.
സ്റ്റേഷൻ ഭരണം വീണ്ടും സബ് ഇൻസ്പെക്ടർമാർക്ക് കൈമാറാനാണ് പുതിയ സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പഴയ സർക്കിൾ ഇൻസ്പെക്ടർ സംവിധാനം തിരിച്ചുകൊണ്ടുവരും. ഇതുസംബന്ധിച്ച വിശദമായ പദ്ധതി റിപ്പോർട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ തയാറാക്കിയിട്ടുണ്ട്.
ഡിജിപി ഇന്ന് നിയുക്ത ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഈ റിപ്പോർട്ട് സമർപ്പിക്കും. പുതിയ പരിഷ്കാരം നടപ്പിലാകുന്നതോടെ പ്രധാന സ്റ്റേഷനുകൾ ഒഴികെ രണ്ട് പോലീസ് സ്റ്റേഷനുകൾക്ക് ഒരു ഇൻസ്പെക്ടർ എന്ന പഴയ രീതി നിലവിൽ വരും.
പ്രതിവർഷം 3000ൽ അധികം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന വലിയ സ്റ്റേഷനുകളിൽ മാത്രമായിരിക്കും ഇനി ഇൻസ്പെക്ടർമാർ എസ്എച്ച്ഓമാരായി തുടരുക. ആയിരത്തിൽ താഴെ മാത്രം എഫ്ഐആർ വരുന്ന ബി, സി ക്ലാസ് സ്റ്റേഷനുകളിൽ എസ്എച്ച്ഓ പദവി മാറി ഭരണം പൂർണ്മായും എസ്ഐമാർക്ക് കൈമാറും.
സ്റ്റേഷൻ ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന ഇൻസ്പെക്ടർമാരെ സൈബർ സെൽ, പോക്സോ ഡിവിഷനുകൾ തുടങ്ങിയ പ്രത്യേക അന്വേഷണ വിഭാഗങ്ങളിൽ നിയമിക്കും. പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് സംസ്ഥാനത്തെ 480 പോലീസ് സ്റ്റേഷനുകളിലും എസ്എച്ച്ഓമാരായി ഇൻസ്പെക്ടർമാരെ നിയമിച്ചത്.
ഈ സംവിധാനമാണ് പുതിയ സർക്കാർ തിരുത്താൻ ഒരുങ്ങുന്നത്. സ്റ്റേഷൻ ഭരണത്തിലെ മാറ്റങ്ങൾക്ക് പുറമേ സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണങ്ങൾ ശക്തമാക്കുന്നതിനുള്ള പുതിയ കർമ്മപദ്ധതികളും ഡിജിപിയുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. പുതിയ സർക്കാരിന്റെ ആദ്യത്തെ പ്രധാന നയപരമായ തീരുമാനങ്ങളിലൊന്നാകും പോലീസിലെ ഈ വൻ അഴിച്ചുപണി.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ ചുമതലയേൽക്കും മുന്‍പ് വിരമിക്കാനിരിക്കുന്ന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും മുൻകൂറായി ഉത്തരവായി ഇറക്കിയതിനെച്ചൊല്ലി വിവാദം.
ജൂണ്‍ 30നു വിരമിക്കാനിരിക്കുന്ന ചീഫ് സെക്രട്ടറിയുടെ പെൻഷൻ ആനുകൂല്യങ്ങൾ സംബന്ധിച്ച് ധന (പെൻഷൻ) വകുപ്പ് ഏപ്രിൽ 28നാണ് ഉത്തരവിറക്കിയത്.
അതേസമയം, അഖിലേന്ത്യാ സർവീസിലുള്ള ഉദ്യോഗസ്ഥർ വിരമിക്കുന്നതിനു മുന്നോടിയായി പുറത്തിറക്കുന്ന സാധാരണ നടപടി ഉത്തരവ് മാത്രമാണിതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. പെൻഷൻ ആനുകൂല്യങ്ങൾ എത്രയെന്ന് അറിയിക്കൽ മാത്രമാണിത്.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നിടങ്ങളിൽ മറ്റ് ബാധ്യതകളില്ലെന്ന സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ വാങ്ങി നൽകണം. ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കണമെന്ന ചില ഓഡിറ്റ് നിർദേശങ്ങൾ പോലും ഇക്കൂട്ടത്തിൽ പരിഗണിക്കും. ഇത്തരം രേഖകളെല്ലാം അക്കൗണ്ടന്റ് ജനറൽ പരിശോധിച്ച ശേഷമാണ് പെൻഷൻ അനുവദിക്കുന്നത്.
പുതിയ സർക്കാർ അധികാരമേൽക്കുന്നതിനൊപ്പം അടുത്ത മാസത്തോടെ പുതിയ ചീഫ് സെക്രട്ടറി നിയമനവുമുണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി തിരികെ എത്തിയാൽ അദ്ദേഹം ചീഫ് സെക്രട്ടറിയാകും. 1989 ബാച്ചുകാരനായ അദ്ദേഹം നിലവിൽ ഗ്രാമവികസന മന്ത്രാലയം സെക്രട്ടറിയാണ്. 2027 ജനുവരിവരെ അദ്ദേഹത്തിന് സേവന കാലാവധിയുണ്ട്.
സംസ്ഥാന ആഭ്യന്തര സെക്രട്ടറിയായ വിശ്വനാഥ് സിൻഹയാണ് പിന്നീട് പരിഗണനയിലുള്ളത്. 1991 ബാച്ചിലെ രചനാ ഷാ, 1992 ബാച്ചിലെ സഞ്ജീവ് കൗശിക് എന്നീ മുതിർന്ന ഉദ്യോഗസ്ഥരും കേന്ദ്ര ഡെപ്യൂട്ടേഷനിലുണ്ട്.